Wednesday, September 12, 2007

അച്ചമ്മ

അച്ചമ്മേ, അമ്മൂമ്മേ
ഇനിയും ഇനിയും കഥ പറയൂ

അച്ചമ്മ പിന്നെയും ചൊല്ലിത്തുടങ്ങി
എന്നും പറയാറുള്ള കഥ
പണ്ടുപണ്ടെങ്ങാ,ണ്ടെങ്ങാണ്ടൊരിടത്ത്
ഒരപ്പൂപ്പനും പിന്നെരൊമ്മൂമ്മയും
നട്ടുവളര്‍ത്തി നല്ലൊരു ചാമ്പ
എന്നും നനച്ചൂ വളമീട്ടൂ
ചാമ്പ വളര്‍ന്നൂ പൂത്തുതളിര്‍ത്തൂ
നിറയെ നിറയെ കായ് വന്നൂ
എല്ലാം മൂത്തു പഴുക്കാനായി
നോക്കിയിരുന്നവര്‍ കൊതിയോടെ
നോക്കിയിരുന്നിട്ടും കാണുന്നില്ലാ
മൂത്തു പഴുത്തൊരു ചാമ്പങ്ങേം
ഏതോ കാട്ടില്‍ ചാടിനടന്നിട്ടാര്‍ത്തി
പിടിച്ചൊരു കുരങ്ങച്ചന്‍
ദിനവും രാത്രി കട്ടു പറിച്ചു
മൂത്തു പഴുക്കൂന്ന ചാമ്പങ്ങാ
ചാമ്പങ്ങാ കള്ളനെ കണ്ടുപിടിക്കാന്‍
അപ്പൂ‍പ്പന്‍ കേറി ചാമ്പ മേലെ
കയ്യിലുലക്കയുമായി ഒളീച്ചൂ
അമ്മൂമ്മ മെല്ലെയതിന്‍ താഴെ
കള്ളന്‍ വന്നാലവനേയിന്ന്
അപ്പൂപ്പന്‍ തള്ളി താഴെയിടും.
താഴേയിരിക്കുന്നൊരമ്മൂമ്മയവനേ
ഉലക്കക്കടിച്ചു വശം കെടുത്തും
രാത്രിയിരുണ്ടൂ,നാട്ടാരുറങ്ങീ
ആകേ മൊത്തമിരുട്ടുമായി.
കാണാന്‍ പറ്റില്ലടുത്തു വരും വരെ
ആരാണിങ്ങു വരുന്നതെന്ന്
നോക്കിയിരുന്ന് കണ്ണുകഴച്ചൂ
കള്ളനിതുവരെ വന്നില്ല.
കണ്ണിലുറക്കം വന്നുതുടങ്ങീ
എന്തു ചെയ്യാന്‍ പാവമപ്പൂപ്പന്‍
ഉറക്കം തൂങ്ങിയുറക്കം തൂങ്ങി
“ഇട്ടപ്പൊത്തോ”ന്ന ശബ്‌ദമോടെ
അപ്പൂപ്പനയ്യൊ താഴേക്കു വീണു
കള്ളനെന്നോര്‍ത്തൂ അമ്മൂമ്മേം
ചാടിയെണീറ്റോരമ്മൂമ്മ
ഒന്നും നോക്കീലടി തുടങ്ങി
പാവം പാവമൊരപ്പൂപ്പന്‍
അടി തീര്‍ന്നപ്പോള്‍ വടിയായി.
അച്ഛമ്മേ, അമ്മൂമ്മേ
അപ്പൂപ്പന്‍ വീണൊരു ശബ്‌ദമെന്താ
“ഇട്ടപ്പൊത്തൊ”ന്ന ശബ്‌ദമോടെ
അപ്പൂപ്പന്‍ വീണു താഴേക്ക്
അച്ചമ്മേ, അമ്മൂമ്മേ
ഇനിയും ഇനിയും കഥ പറയൂ
അച്ചമ്മേ, അമ്മൂമ്മേ
“ഇട്ടപ്പൊത്തോ”ടെ കഥ പറയൂ.

1 comment:

സഹയാത്രികന്‍ said...

അങ്ങനെ അപ്പൂപ്പന്റെ കാര്യത്തിലൊരു തീരുമാനായി.....!

:)