Friday, September 14, 2007

പറ്റിച്ചതെന്തേ ?

അയ്യോ പൊന്നച്ഛാ, പറ്റിച്ചതെന്തേ?
ഇന്നു വരാഞ്ഞതെന്തേ?
അച്ചുവും അമ്മൂം കാത്തിരുന്നില്ലേ
നേരം വെളുക്കും മുമ്പേ
സാരമില്ലച്ഛാ, ഞങ്ങള്‍ ക്ഷമിച്ചൂ
പണിത്തിരക്കുള്ളതല്ലേ
നാളെ വന്നിട്ട്, ഓടിപ്പോവല്ലേ
കൂടെയിരിക്കണമേ
ചൊല്ലിയില്ലേലും അമ്മയ്ക്കുമുള്ളില്‍
ആഗ്രഹമല്ലെയച്ഛാ
കാത്തിരിക്കുന്നൂ നാളെ വെളുക്കാന്‍
വേഗം വരണേയച്ഛാ

Thursday, September 13, 2007

എന്തേ ഉറങ്ങാത്തൂ

എന്തേ പൊന്നേയുറങ്ങാത്തൂ,
എന്തേ മുത്തേയുറങ്ങാത്തൂ
എന്തേയച്ചൂ ഉറങ്ങാത്തൂ
എന്തേയമ്മൂ ഉറങ്ങാത്തൂ
അമ്മ പാലു തരാഞ്ഞിട്ടോ
അച്ഛന്‍ പാടിയുറക്കാഞ്ഞോ
ഉള്ളിനുള്ളില്‍ കൊതിയാണേ
കാണാന്‍ നോക്കിയിരിപ്പാണേ
അമ്മേ അച്ഛന്‍ വന്നല്ലോ
വേഗം പാടിയുറക്കൂലോ
എന്നാല്‍ പിന്നെക്കാണാവേ
വേഗം ഞങ്ങളുറങ്ങട്ടെ!

ഇത്തിരി നേരം ഉറങ്ങാം

അമ്മേച്ഛന്‍ വന്നൂ, അച്ഛമ്മ വന്നു
അമ്മച്ചി ചോറുണ്ടെണീറ്റു.
ഞാനിത്തിരി നേരമുറങ്ങാം
പോവല്ലേ കൂ‍ട്ടുകാരേ..

അച്ചൂനേം കാണാന്‍, അമ്മൂനേം കാണാന്‍
അമ്മാമ്മ വേഗമിങ്ങെത്തും.
ഞാനിത്തിരി നേരമുറങ്ങാം
പോവല്ലേ കൂ‍ട്ടുകാരേ..

കണ്ണനും പോരും , ചിറ്റയും പോരും
കുഞ്ഞമ്മച്ചിം കൂടെപ്പോരും.
ഞാനിത്തിരി നേരമുറങ്ങാം
പോവല്ലേ കൂ‍ട്ടുകാരേ..

ഗുളിക കൊടുക്കാന്‍, “കുത്തി“യും വക്കാ‍ന്‍
നേഴ്സമ്മ ഇപ്പോഴിങ്ങെത്തും
ഞാനിത്തിരി നേരമുറങ്ങാം
പോവല്ലേ കൂ‍ട്ടുകാരേ..